അപൂര്‍വ ദൃശ്യ വിരുന്നുമായി ഓണപ്പൂരം ദുബൈയില്‍ ഒക്‌ടോബര്‍ 9ന്

ദുബൈ: ഓണവും പൂരവും ഒത്തൊരുമിക്കുന്ന അപൂര്‍വ ദൃശ്യവിരുന്നിന് ദുബൈ ഐലന്റിലെ സൂക് അല്‍ മര്‍ഫ വേദിയാകുന്നു. മേക്കേഴ്‌സ് മീഡിയ ബാനറില്‍ എംഇഎസ് കോളജ് ഓഫ് എഞ്ചിനീയറിംഗ് അലൂനിയും ഇന്റര്‍നാഷണല്‍ പ്രമോട്ടേഴ്‌സ് അസോസിയേഷനും ചേര്‍ന്നൊരുക്കുന്ന ‘ഓണപ്പൂരം-2022’ ഒക്‌ടോബര്‍ 9ന് അരങ്ങേറും. ആഘോഷത്തോടനുബന്ധിച്ച് ഒരുക്കുന്ന ജലഘോഷയാത്ര പരിപാടിയുടെ മുഖ്യ ആകര്‍ഷണമാകും. ജലഘോഷ യാത്രയില്‍ കേരളത്തനിമ വിളിച്ചുണര്‍ത്തുന്ന വ്യത്യസ്ത കലാരൂപങ്ങള്‍ക്കൊപ്പം 300ഓളം പേര്‍ അണി ചേരും. യുഎഇയുടെ ഓണാഘോഷ ചരിത്രത്തില്‍ ആദ്യമായാണ് ഓണവും പൂരവും ഒരുമിക്കുന്ന അപൂര്‍വ ആഘോഷത്തിന് ദുബൈയില്‍ വേദിയൊരുങ്ങുന്നതെന്ന് ഓണപ്പൂരം പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. താള മേളങ്ങളുടെ സംഗീത വിസ്മയമാരുക്കാന്‍ ആട്ടം കലാ സമിതിയും ചെമ്മീന്‍ ബാന്‍ഡും ചേര്‍ന്നൊരുക്കുന്ന 33 കലാകാരന്മാരുടെ ചെണ്ട ഫ്യൂഷന്‍ കാണിക്കള്‍ക്ക് വിസ്മയാനുഭവമാകുമെന്നും സൂക് അല്‍ മര്‍ഫയിലെ അതിമനോഹര വേദി ആഘോഷ രാവിന് മാറ്റു കൂട്ടുമെന്നും സംഘാടകര്‍ അഭിപ്രായപ്പെട്ടു.

ഞായര്‍ രാവിലെ 9ന് ആരംഭിക്കുന്ന ഓണാഘോഷ ഭാഗമായി അത്തപ്പൂക്കളം, പായസ മത്സരങ്ങള്‍, ഓണപ്പാട്ട്, വടംവലി, ഉറിയടി തുടങ്ങിയ മത്സരങ്ങള്‍ക്ക് മെമ്പൊടിയായി രണ്ടായിരത്തോളം പേര്‍ക്കുള്ള സദ്യയും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. അയ്യായിരം പേര്‍ പങ്കെടുക്കുന്ന ആഘോഷത്തിന് കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യം വിളിച്ചോതുന്ന വേദി ഒരുക്കുന്നത് പ്രശസ്ത കലാ സംവിധായകന്‍ ബാവയാണ്. ഒരുമയുടെ സന്ദേശവുമായി നൂറു പേര്‍ ചേര്‍ന്നൊരുക്കുന്ന മെഗാ അത്തപ്പൂക്കളം ഓണപ്പൂരത്തിന്റെ മറ്റൊരു ആകര്‍ഷണമാണ്. മലയാളിക്ക് ഓണവും പൂരവും ഒത്തൊരുമിക്കുന്ന ഈ അപൂര്‍വാഘോഷത്തിന്റെ പ്രവേശന ടിക്കറ്റ് ഓണ്‍ലൈന്‍ പ്‌ളാറ്റ്‌ഫോമായ ക്യു ടിക്കറ്റ്‌സില്‍ ഉടന്‍ ലഭ്യമാകും. സൂക് അല്‍ മര്‍ഫ ജനറല്‍ മാനേജര്‍ മൂവാത് അല്‍ റഈസ്, ഡയറക്ടര്‍ അനൂപ് ഗോപാല്‍, ഐപിഎ ഫൗണ്ടര്‍ എ.കെ ഫൈസല്‍, വൈസ് ചെയര്‍മാന്‍ തങ്കച്ചന്‍, എക്‌സിക്യൂട്ടീവ് മെംബര്‍ ബിബി ജോണ്‍, എംഇഎസ് കോളജ് ഓഫ് എഞ്ചിനീയറിംഗ് അലൂനിയുടെ അനീഷ് അന്‍സാരി, സകരിയ്യ, മേക്കേഴ്‌സ് മീഡിയയുടെ സ്വവ്വാബ് അലി, ഷീബ ഷിബിന്‍ സുല്‍ത്താന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.